എഴുപുന്ന പഞ്ചായത്തിലെ രണ്ട് ജെ.എസ്.എസ് അംഗങ്ങള്‍ രാജിവച്ചു

അരൂര്‍ഃ എഴുപുന്ന പഞ്ചായത്തിലെ രണ്ട് ജെ. എസ്. എസ് അംഗങ്ങള്‍ പഞ്ചായത്ത് മെമ്പര്‍ സ്ഥാനം രാജിവച്ചു. എം.കെ.ജോണപ്പന്‍, മുന്‍ പ്രസിഡന്റ് എം.വി. ഷണ്‍മുഖന്‍ എന്നിവരാണ് തല്‍സ്ഥാനം രാജിവച്ചത്. ഇവരുടെ രാജിക്കത്ത് പഞ്ചായത്ത് സെക്രട്ടറിക്ക് നല്‍കി.


ഇരുവരും കോണ്‍ഗ്രസില്‍ ചേര്‍ന്ന് പ്രവര്‍ത്തനം നടത്താന്‍ തീരുമാനിച്ചതിനെ തുടര്‍ന്നാണ് രാജി. പഞ്ചായത്തിലെ എഴുപതോളം ജെ.എസ്.എസ് പ്രവര്‍ത്തകരും കോണ്‍ഗ്രസില്‍ ചേരാന്‍ തീരുമാനിച്ചിട്ടുണ്ടെന്ന് ഇവര്‍ പറയുന്നു.


പഞ്ചായത്തില്‍ ഇരുപത്തിയേഴ് വര്‍ഷം തുടര്‍ച്ചയായി അംഗമാണ് ജോണപ്പന്‍. കഴിഞ്ഞ തിരഞ്ഞെടുപ്പിലാണ് ആദ്യമായി എം.വി.ഷണ്‍മുഖന്‍ മത്സരിച്ച് ജയിച്ചത്. നിലവിലെ ഭരണ സമിതിയില്‍ രണ്ടുവര്‍ഷം പ്രസിഡന്റുമായിരുന്നു. ജോണപ്പന്‍ രണ്ടുവര്‍ഷം വൈസ് പ്രസിഡന്റായിരുന്നു. ജെ. എസ്. എസ് വിടുന്നവരുടെ പട്ടികയില്‍ മുന്‍ അംഗമായ വിജി പ്രസാദും ഉള്‍പ്പെടും.


പഞ്ചായത്തില്‍ ജെ.എസ്.എസ് അംഗങ്ങളില്‍ ഇപ്പോഴത്തെ വൈസ് പ്രസിഡന്റ് എം.ജി. റാഫേല്‍ മാത്രമാണ് ഉള്ളത്. പതിനഞ്ച് അംഗ പഞ്ചായത്തില്‍ കോണ്‍ഗ്രസ്-7, സി.പി. എം-4, ജെ. എസ്. എസ്- 3, സ്വതന്ത്രന്‍-1 എന്നിങ്ങനെയായിരുന്നു കക്ഷിനില.